സി. രവിചന്ദ്രനും, വൈശാഖൻ തമ്പിയും ഡബ്ലിനിൽ എത്തിച്ചേർന്നു . പുതിയ അറിവുകൾക്കും തിരിച്ചറിവുകൾക്കും കാതോർത്തു മലയാളി ലോകം ..

essense1 d9938

നാലാം തീയതി ശനിയാഴ്ച 1 .30 മുതൽ താലയിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് എസ്സെൻസ് അയർലണ്ട് സംഘടിപ്പിക്കുന്ന irresense '19 Hominum എന്ന പരിപാടിയിൽ പങ്കെടുക്കാനായി പ്രശസ്ത ശാസ്ത്ര പ്രചാരകരും പ്രഭാഷകരും ആയ സി. രവിചന്ദ്രനും വൈശാഖൻ തമ്പിയും ഡബ്ലിനിൽ എത്തിച്ചേർന്നു .

അനീതികൾക്കും അശാസ്ത്രീയതകൾക്കുമെതിരെ പല ആളുകൾ പലകാലങ്ങളിൽ ചെയ്ത സമരങ്ങളിലൂടെയാണ് നമ്മൾ ഇന്ന് കാണുന്ന സ്വതന്ത്രലോകവും ജനാധിപത്യ വ്യവസ്ഥകളും ഉണ്ടായി വന്നത്.അന്ന് തങ്ങൾക്ക് നേരെ ഉയർന്നു വന്ന എതിർപ്പുകളെയും പ്രതിബന്ധങ്ങളെയും അവഗണിച്ച് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ചിന്തകളെ ചിറക് വിരിച്ച് പറക്കാൻ അവർ ധൈര്യം നൽകിയില്ലായിരുന്നുവെങ്കിൽ മതങ്ങളും അധികാരവും ചേർന്ന് ജനജീവിതത്തെ എത്രത്തോളം ദുസ്സഹമാക്കുമായിരുന്നു എന്ന കാര്യം ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്.

ഇന്ത്യ പോലെയൊരു രാജ്യത്ത് ഓരോ പൗരനും എന്ത് ഭക്ഷിക്കണം എന്ത് പാനം ചെയ്യണം തുടങ്ങിയ കാര്യങ്ങളെ വരെ മതം അതിൻറെ സർവ്വ സ്വാധീനങ്ങളും ഉപയോഗിച്ച് നിയന്ത്രിക്കുമ്പോൾ അതിനെ കുറെയെങ്കിലും പ്രതിരോധിക്കാൻ ശ്രമിക്കുന്ന ആളുകൾ ഉയർന്നുവരേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്.

സ്വതന്ത്ര ചിന്ത, യുക്തിബോധം, മാനവികത എന്നിവയുടെ പ്രചരണത്തിനായും ശാസ്ത്രീയ മനോവൃത്തിയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന നിതാന്ത പരിശ്രമത്തിനായും ശ്രീ രവിചന്ദ്രൻ സി യുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച എസൻസ് ഗ്ലോബൽ എന്ന സംഘടന ചിന്തിക്കാനും ചോദ്യം ചെയ്യാനും ധൈര്യപ്പെടുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.

ചോദ്യം ചെയ്തും സംശയങ്ങൾ ഉയർത്തിയും ആണ് മനുഷ്യസമൂഹം മുന്നേറിയിട്ടുള്ളത്. ശാസ്ത്രാഭിരുചി ഉള്ള ഒരു സമൂഹത്തെ മുന്നിൽ കണ്ടുകൊണ്ട് എസ്സൻസ്‌ അയർലൻഡ് നടത്തുന്ന ഈ പരിപാടിയിൽ ''ആ പറക്കും തളിക" എന്ന വിഷയത്തിൽ വൈശാഖൻ തമ്പിയും "മതയാനകൾ" എന്ന വിഷയത്തിൽ സി. രവിചന്ദ്രനും പ്രഭാഷണം നടത്തുന്നു. തുടർന്ന് പ്രേക്ഷകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഇവർ മറുപടി പറയും .

യൂറേഷ്യ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് ആണ് Irresense' 19 ന്റെ മുഖ്യ സ്‌പോൺസർമാർ .ഈ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഫ്രീ പാർക്കിങ് ഉണ്ടായിരിക്കുന്നതാണ് .

essense2 330e4