ക്രാന്തിയുടെ ആഭിമുഖ്യത്തിൽ ഡബ്ലിനിൽ മെയ്ദിന അനുസ്മരണം

WhatsApp Image 2019 05 02 at 17.56.18 b713a

ഡബ്ലിൻ: തൊഴിലിന്റെ മഹത്വത്തെയും, തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി മെയ്ദിന അനുസ്മരണം അയർലണ്ടിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ ക്രാന്തി തയ്യാറെടുക്കുന്നു.

ക്രാന്തിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മെയ്ദിന അനുസ്മരണം മെയ് 19 ഞായറാഴ്ച ഡബ്ലിൻ എയർപോർട്ടിന് സമീപമുള്ള കാൾട്ടൺ ഹോട്ടലിൽ വച്ചാണ് സംഘടിപ്പിക്കുന്നത്.

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തിൽ, മാറ്റത്തിന്റെ സുപ്രധാന ദിശയ്ക്ക് തുടക്കം കുറിച്ച ദിനം. തൊഴിൽ സമയം എട്ടു മണിക്കൂർ ആയി നിജപ്പെടുത്താൻ തൊഴിലാളിവർഗ്ഗം നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ ഓർമ്മകൾ പുതുക്കലാണ് മെയ് ദിനാഘോഷം.

രാജ്യാതിര്‍ത്തികള്‍ കൊണ്ട് വിഭജിക്കാനാകാത്ത വര്‍ഗബോധത്തിന്റെ ആവിഷ്കാരം കൂടിയാണ് ഓരോ മെയ് ദിനാഘോഷവും. 2017 മെയ് മാസം പ്രവർത്തനമാരംഭിച്ച ക്രാന്തി നാളിതുവരെ അയർലണ്ടിലെ ഇതര ഇടതുപക്ഷ സംഘടനകളുമായി വിവിധങ്ങളായ സാമൂഹ്യ,രാഷ്ട്രീയ വിഷയങ്ങളിൽ സഹകരിച്ചു പ്രവർത്തിച്ചു വരുന്നു. മെയ്ദിനാഘോഷത്തോടനുബന്ധിച്ചു ഐറിഷ് കലാകാരന്മാരുടെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.