അയര്‍ലണ്ടിലെ ഏറ്റവും വലിയ ഓണാഘോഷം കോര്‍ക്ക് മലയാളികള്‍ ആഘോഷിച്ചു.

 
കോര്‍ക്ക്: കോര്‍ക്കിലെ പ്രമുഖ മലയാളീ സംഘടനകളായ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും, വേള്‍ഡ് മലയാളി കൗണ്‍സിലും സംയുക്തമായി സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച ഓണമാഘോഷിച്ചു. മാവേലിയുടെ നാട്ടില്‍ മാനവരെല്ലാരും ഒന്നുപോലെയെന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ടു കോര്‍ക്കിലെ മലയാളികള്‍ ഒന്നായി ഒരു മനസ്സോടെ ഓണത്തെ ഒരു ഉത്സവമാക്കി മാറ്റി. അയര്‍ലണ്ടില്‍ ഇന്നേവരെ നടന്നിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഓണാഘോഷം ജനപങ്കാളിത്തംകൊണ്ടും, പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചു. ഓണക്കളികള്‍ക്കും വടംവലിമത്സരത്തിനും പുറമെ, കോര്‍ക്കില്‍ ആദ്യമായി അരങ്ങേറിയ ചെണ്ടമേളം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. സ്വാദിഷ്ടമായ ഓണസദ്യ ആസ്വദിക്കുവാനും വിളമ്പുവാനും വൈദീകരടക്കമുള്ള ജനങ്ങള്‍ ഒത്തൊരുമയോടെ പരസ്പരം സഹകരിക്കുകയും, സഹായിക്കുകയും ചെയ്തത് വേറിട്ട കാഴ്ചയായി.
 
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മാവേലിയും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ ജയ്‌സണ്‍ ജോസഫും, കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ബിനു തോമസും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു. ഇക്കഴിഞ്ഞ ജൂണില്‍ മരണമടഞ്ഞ കോര്‍ക്ക് നിവാസി ലിജു വര്‍ഗ്ഗീസിനു യോഗം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ഗാനമേളയും ഉയര്‍ന്ന നിലവാരത്തിലുള്ള കലാപരിപാടികളുടെ വ്യത്യസ്തമാര്‍ന്ന അവതരണവും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. കോര്‍ക്കിലെ പ്രവാസി സമൂഹത്തില്‍നിന്നും ലീവിങ് സര്‍ട്ടിഫിക്കറ്റ് (Leaving Certificate) പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സിബിള്‍ സിറിയക്ക്, മിലന്‍ റോയ്, സാറ ബിജു, ഷാരോണ്‍ ഷാജു, റ്റീന റ്റോണി എന്നിവരെ അനുമോദിക്കുകയും അവര്‍ക്ക് ഷീല്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. കോര്‍ക്കില്‍ നിന്നും സ്ഥലം മാറി പോകുന്ന എബി കുര്യന്‍, മനോജ് വര്‍ഗ്ഗീസ്, സാജന്‍ ചെറിയാന്‍ എന്നിവര്‍ക്കും കുടുംബങ്ങള്‍ക്കും കോര്‍ക്കിലെ സമൂഹം നന്ദിയോടെ യാത്രയയപ്പ് നല്‍കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. 
 
അത്തപ്പൂക്കളമത്സരത്തില്‍, ഈസ്റ്റ് കോര്‍ക്കും വടംവലി മത്സരം പുരുഷവിഭാഗത്തില്‍ വില്‍ട്ടന്‍ ബോയ്‌സും, സ്ത്രീകളുടെ വിഭാഗത്തില്‍ ബ്ലൂമിങ് ഗേള്‍സും ജേതാക്കളായി. വിജയികള്‍ക്കുള്ള ട്രോഫിയും കാഷ് പ്രൈസും ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍മാരായ ശ്രീ ലിജോ ജോസഫും ബിനു തോമസും ചേര്‍ന്ന് വിതരണം ചെയ്തു. ഓണക്കളികളുടെ സമ്മാനദാനം കോര്‍ക്ക് പ്രവാസിയെ പ്രതിനിധീകരിച്ചു സഞ്ജിത് ജോണ്‍, അജേഷ് ജോണ്‍, സാജോഷ് ജോയ്, സാജന്‍, ജെനിഷ് ജെയിംസ്, സുരേഷ് കൃഷ്ണന്‍ എന്നിവരും വേള്‍ഡ് മലയാളിയെ പ്രതിനിധീകരിച്ചു ഗ്ലോബല്‍ ചെയര്‍മാന്‍ ഷാജു, ജയ്‌സന്‍ ജോസഫ്, ജോണ്‌സണ് ചാള്‍സ്, ലിജോ ജോസഫ്, ജോമോന്‍, റ്റുബിഷ് തുടങ്ങിയവര്‍ നിര്‍വഹിച്ചു.
 
ആഘോഷത്തില്‍ ജനങ്ങളുടെ സഹായസഹകരണങ്ങള്‍ മറക്കാനാവില്ലെന്നും, പരിപാടിയില്‍ കാണികള്‍ മാത്രമായി മാറി നില്‍ക്കാതെ എല്ലാവരുംതന്നെ സഹായിക്കാന്‍ മുന്നോട്ടു വന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും ഓണാഘോഷകമ്മിറ്റിയംഗങ്ങളായ ജോസ് പി കുര്യന്‍, മധു മാത്യു, എബി തോമസ്, റോയ് കൊച്ചാക്കന്‍ എന്നിവര്‍ അറിയിച്ചു. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണാഘോഷം വന്‍വിജയമാക്കി തീര്‍ത്തിന് കോര്‍ക്കിലെ ജനങ്ങളോടും, കൂടാതെ പരിപാടിയുമായി സഹകരിച്ച് സദ്യ ഒരുക്കിയ റോയല്‍ കാറ്റേഴ്‌സ്, ശബ്ദവും വെളിച്ചവും നല്‍കിയവര്‍, സ്‌പോണ്‍സര്‍മാരായ സ്‌പൈസ്ടൗണ്‍, അപ്പാച്ചെ പിസ്സ, റ്റുബിഷ് കാര്‍ വാലറ്റിങ് സര്‍വിസ്, ഇന്ത്യന്‍ ആഗ്ര റെസ്റ്റോറന്റ്, സെ.മേരീസ് ഷോട്ടോകാന്‍ കരാട്ടെ ക്ലബ്ബ്, യുറേഷ്യ ട്രാവല്‍സ്, കോണ്ഫിഡന്റ് ട്രാവല്‍സ് അയര്‍ലന്‍ഡ് എന്നിവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം, പരിപാടി ഭംഗിയായി നടത്താന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ജനറല്‍ കണ്‍വീനര്‍മാരായ ലിജോ ജോസഫും ബിനു തോമസും അറിയിച്ചു.
 
 
വാര്‍ത്ത: അജേഷ് ജോണ്‍ വില്‍ട്ടന്‍ 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh