അമ്പതിലേറെ സീറ്റുകളിൽ മത്സരിക്കുന്നത് നേതാക്കളുടെ മക്കൾ

ന്യൂഡൽഹി : രാഷ്ട്രീയ നേതാക്കളുടെ മക്കൾ രാഷ്ട്രീയത്തിൽ ഏറെയൊന്നും ബുദ്ധിമുട്ടാതെ സ്ഥാനാർത്ഥിത്വം നേടിയെടുക്കുന്നത് ഇന്ത്യയിൽ പുതുമയുള്ള കാര്യമല്ല. ഇക്കുറി അമ്പതിലേറെ നേതാക്കളുടെ മക്കളാണ് പാർലമെന്റിലേക്ക് മത്സരിക്കുന്നത്. പലരും സിറ്റിംഗ് എം.പിമാർ. സ്വന്തം നിലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർ. നേതാക്കളുടെ മക്കളെന്ന പരിഗണന നേതൃനിരയിലേക്കുള്ള ഉയർച്ചയിലും സ്ഥാനാർത്ഥിത്വം കിട്ടുന്നതിലും മുഖ്യപങ്കുവഹിച്ചെന്നതും വസ്തുത.
രാഷ്ട്രപതി പ്രണബ്മുഖർജിയുടെ മകൻ അഭിജിത് മുഖർജി ഇപ്പോൾ എം.പിയാണ്. പശ്ചിമബംഗാളിലെ ജംഗിപുർ മണ്ഡലത്തിൽ ഇത്തവണ വീണ്ടും ജനവിധി തേടുന്നു.


ഉത്തർപ്രദേശ് : കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും (റായ്ബറേലി) മകൻ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാനധിയും (അമേതി) വീണ്ടും ജനവിധി തേടുന്നത് അന്തരിച്ച കോൺഗ്രസ് നേതാവ് സഞ്ജയ്ഗാന്ധിയുടെ വിധവ മേനകാഗാന്ധിയും (പിലിഭിട്ട്) മകൻ വരുൺഗാന്ധിയും (സുൽത്താൻപുർ) ബി.ജെ.പി സ്ഥാനാർത്ഥികളായി വീണ്ടും ജനവിധി തേടുന്നു.
കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദൾ നേതാവുമായ അജിത് സിംഗിന്റെ മകൻ ജയന്ത് ചൗധരി മഥുര മണ്ഡലത്തിൽ വീണ്ടും സ്ഥാനാർത്ഥി.
അന്തരിച്ച മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനും കേന്ദ്രസഹമന്ത്രിയുമായ ജിതിൻ പ്രസാദ ധവ്‌രാഹ്‌ര മണ്ഡലത്തിൽ വീണ്ടും സ്ഥാനാർത്ഥി.
മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺസിംഗിന്റെ മകൻ രാജ്ബീർസിംഗ് എറ്റാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി.


തമിഴ്നാട് : സീനിയർ കോൺഗ്രസ് നേതാവും കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം ഇത്തവണ മത്സരത്തിനില്ല. പകരം മകൻ കാർത്തിയെ ശിവഗംഗ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നു.


ജാർഖണ്ഡ് : സീനിയർ ബി.ജെ.പി നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത്സിൻഹയുടെ ഹസാരിബാഗ് മണ്ഡലത്തിൽ ഇത്തവണ മകൻ ജയന്ത് മത്സരിക്കുന്നു.


മദ്ധ്യപ്രദേശ് : അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുൻമുഖ്യമന്ത്രിയുമായ അർജുൻസിംഗിന്റെ മകൻ അജയ്സിംഗ് സത്‌ന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി.
അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനും കേന്ദ്ര സഹമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ ഗുണമണ്ഡലിത്തിൽ വീണ്ടും ജനവിധി തേടുന്നു.


രാജസ്ഥാൻ : അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജേഷ് പൈലറ്റിന്റെ മകനും കേന്ദ്ര സഹമന്ത്രിയുമായ സച്ചിൻ പൈലറ്റ് അജ്മിറിൽ വീണ്ടും മത്സരിക്കുന്നു.
മുഖ്യമന്ത്രിയും സീനിയർ ബി.ജെ.പി നേതാവുമായ വസുന്ധര രാജെസിന്ധ്യയുടെ മകൻ ദുഷ്യന്ത് ഝലാവർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി.


മഹാരാഷ്ട്ര : മുൻ കേന്ദ്രമന്ത്രിയും സീനിയർ കോൺഗ്രസ്  നേതാവുമായ മുരളി ദേവറയുടെ മകനും കേന്ദ്രസഹമന്ത്രിയുമായ മിലിന്ദ് സൗത്ത് മുംബയ് മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്നു.
അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവും ഹിന്ദി സിനിമാ താരവുമായിരുന്ന സുനിൽദത്തിന്റെ മകൾ പ്രിയ മുംബയ് നോർത്ത് -സെൻട്രലിൽ വീണ്ടും ജനവിധി തേടുന്നു. എതിർ സ്ഥാനാർത്ഥി പൂനം അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും സീനിയർ ബി.ജെ.പി നേതാവുമായിരുന്ന പ്രമോദ് മഹാജന്റെ മകൾ.
കേന്ദ്രകൃഷിമന്ത്രിയും എൻ.സി.പി അദ്ധ്യക്ഷനുമായ ശരദ്പവാറിന്റെ മകൾ സുപ്രിയസുലെ ബാരാമതി മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്നു.


ഡൽഹി : മുൻ ഡൽഹിമുഖ്യമന്ത്രിയും ഇപ്പോൾ കേരള ഗവർണറുമായ കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്നു.
മുൻ  മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സാഹിബ് സിംഗ് വർമ്മയുടെ മകൻ പർവേശ് വർമ്മ വെസ്റ്റ് ഡൽഹി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി.


ബീഹാർ : മുൻമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ മൂത്ത മകൾ മിസാ ഭാരതി പാടലിപുത്ര മണ്ഡലത്തിൽ ജനവിധി തേടുന്നു.
മുൻകേന്ദ്രമന്ത്രിയും ലോക്ജന ശക്തിപാർട്ടി നേതാവുമായ രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് ജമുയിയിൽ സ്ഥാനാർത്ഥി.


ഹര്യാന : അന്തരിച്ച മുൻ മുഖ്യമന്ത്രി ചൗധരി ബൻസിലാലിന്റെ ചെറുമകൾ ശ്രുതി ചൗധരി ദിവാനി-മഹേന്ദ്ര ഗഡ് മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്നു.
മുൻമുഖ്യമന്ത്രി പ്രേംകുമാർ ധുമലിന്റെ മകൻ അനുരാഗ് താക്കൂർ ഹമിർപുരിൽ വീണ്ടും ബി.ജെ.പി സ്ഥാനാർത്ഥി.
മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂവിന്ദർസിംഗ് ഹുഡയുടെ മകൻ ദീവേന്ദൻ രോഹ് തകിൽ വീണ്ടും മത്സരിക്കുന്നു.
അന്തരിച്ച മുൻമുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഭജൻലാലിന്റെ മകൻ ബിഷ്ണോയ് ഹിഡാർ മണ്ഡലത്തിൽ ഹര്യാന ജനഹിത് കോൺഗ്രസ് സ്ഥാനാർത്ഥിയായി വീണ്ടും ജനവിധി തേടുന്നു. എതിർസ്ഥാനാർത്ഥി മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയുടെ ചെറുമകൻ ദുഷ്യന്ത് ചൗട്ടാല (ഇന്ത്യൻ കോൺഗ്രസ് ലോക്ദൾ).


അസാം : മുഖ്യമന്ത്രിയും സീനിയർ കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയുടെ മകൻ ഗൗരവ് കാലിയാബൊർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി.


ഛത്തീസ്ഗർ : മുഖ്യമന്ത്രിയും സീനിയർ ബി.ജെ.പി നേതാവുമായ രമൺസിംഗിന്റെ മകൻ അഭിഷേക് രാജ്നന്ദ്ഗാവിൽ സ്ഥാനാർത്ഥി.


കർണാടകം : അന്തരിച്ച മുൻകർണാടക മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകൾ ഗീതാ ശിവരാജകുമാർ ഷിമോഗയിൽ സ്ഥാനാർത്ഥി.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh