റെക്കോഡ് ജയമെന്ന് ആന്റണി; കോണ്‍ഗ്രസിന് വട്ടപ്പൂജ്യം: പിണറായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചതോടെ നിറഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കളും സ്ഥാനാര്‍ഥികളും. യു.ഡി. എഫ് ഇത്തവണ റെക്കോഡ് ജയം നേടുമെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണി പറഞ്ഞു. സി.പി. എമ്മിന് ചെയ്യുന്ന വോട്ട് പാഴാകുമെന്നും ബി.ജെ.പി.ക്ക് ഇക്കുറി കേരളത്തില്‍ സീറ്റ് ലഭിക്കില്ലെന്നും ആന്റണി പറഞ്ഞു. യു.ഡി.എഫ് ഇക്കുറി ചരിത്രവിജയം നേടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും രമേശ് പറഞ്ഞു.


സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


ഇത്തവണ കോണ്‍ഗ്രസിന് കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. രാവിലെ പോളിങ് ബൂത്തുകളില്‍ കാണുന്ന തിരക്ക് യു.ഡി.എഫിനോടുള്ള അമര്‍ഷമാണ് കാണിക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ യു.ഡി.എഫും സംസ്ഥാന സര്‍ക്കാരും തകരും- കണ്ണൂര്‍ ജില്ലയിലെ പിണറായിയിലെ ആര്‍ .പി. അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിശേഷം പിണറായി പറഞ്ഞു.


കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പരാജയം സമ്മതിച്ച ആദ്യത്തെ തിരഞ്ഞെടുപ്പാണിതെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗവും കൊല്ലം മണ്ഡലത്തിലെ എല്‍ .ഡി.എഫ് സ്ഥാനാര്‍ഥിയുമായ എം.എ. ബേബി പറഞ്ഞു. ഇത്തവണ തന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുമെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യു.ഡി.എഫിന് ശുഭപ്രതീക്ഷയാണുള്ളതെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh