കരണത്തടിച്ച യുവാവിന് വീട്ടിൽ ചെന്ന് കേജ്‌രിവാൾ മാപ്പു നൽകി


ന്യൂഡൽഹി: കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് റാലിക്കിടെ തന്നെ കരണത്തടിച്ച ഓട്ടോ ഡ്രൈവറായ ലാലിയുടെ വീട്ടിൽ ഇന്നലെ അപ്രതീക്ഷിതമായി കേജ്‌രിവാൾ എത്തിയപ്പോൾ ലാലി ഞെട്ടി.
ചെയ്തു പോയ തെറ്റ് തിരുത്താനാകാത്തതാണെന്ന് തിരിച്ചറിഞ്ഞ ലാലി എങ്ങനെ വീടിന് പുറത്തേക്കിറങ്ങുമെന്ന് കരുതിയിരിക്കുമ്പോഴാണ് അതിരാവിലെ കേജ്‌രിവാൾ തന്നെ എത്തിയത്. അടുത്ത നിമിഷം ലാലി കാലിൽ വീണ് മാപ്പ് അപേക്ഷിച്ചു. കേജ്‌രിവാൾ ലാലിയെ കെട്ടിപ്പിടിച്ചു. ഈ പടം പാർട്ടി നേതാവായ മനീഷ് സിസോഡിയ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് മാദ്ധ്യമങ്ങളും സംഭവമറിയുന്നത്.
ചെയ്തുപോയത്  ജീവിതത്തിലെ വലിയ തെറ്റാണെന്നും കേജ്‌രിവാൾ ദൈവ തുല്യനാണെന്നും ലാലി പറഞ്ഞു.
കഴിഞ്ഞദിവസത്തെ അപ്രതീക്ഷിത സംഭവത്തിന് ശേഷം റാലി റദ്ദാക്കി കേജ്‌‌രിവാൾ ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ പോയി മൗന പ്രാർത്ഥന നടത്തിയിരുന്നു. തുടർന്നാണ് ഗാന്ധിയൻ രീതിയിൽ തന്നെ ലാലിക്ക് മാപ്പ് നൽകാൻ കേജ്‌രിവാൾ തീരുമാനിച്ചത്.
ആം ആദ്മി സർക്കാർ രാജിവച്ചതാണ് തന്നെ ചൊടിപ്പിച്ചതെന്നാണ് ലാലി നേരത്തെ പറഞ്ഞത്.
എന്നാൽ സവാരിക്കിടെ ട്രാഫിക് പൊലീസ് നിരവധി തവണ അകാരണമായി പിഴ ഈടാക്കിയത് ലാലിക്ക് മാനസിക സമ്മർദ്ദമുണ്ടാക്കിയിരുന്നുവെന്ന് ഭാര്യ നമിത പറഞ്ഞു. ബീഹാർ സ്വദേശിയാണ് ലാലി. തന്റെ സർക്കാർ അധികാരത്തിൽ വന്നാൽ ഓട്ടോതൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കേജ്‌രിവാൾ നേരത്തേ വാഗ്ദാനം ചെയ്തിരുന്നു.
സൗത്ത് ഡൽഹിയിലെ ദക്ഷിണപുരിയിൽ പ്രചരണത്തിനിടെ തന്നെ ഇടിച്ച അബ്ദുൽ വഹാബിന്റെ വീട്ടിലും ഇന്നലെ കേജ്‌രിവാൾ പോയി.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh