പരസ്യപ്രസ്താവന നടത്തിയാല്‍ കര്‍ശന നടപടിയെന്ന് സുധീരന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ചിലനേതാക്കള്‍ വീഴ്ചവരുത്തിയെന്ന് പരസ്യമായി ആരോപിച്ച ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എ.ഷുക്കൂറിനെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ താക്കീതുചെയ്തു. 

''നേതാക്കളുടെ പരസ്യപ്രസ്താവന നേരത്തേതന്നെ വിലക്കിയിരുന്നു. അതുകൊണ്ട് പാര്‍ട്ടിക്ക് പ്രയോജനവുമുണ്ടായി. എന്നാല്‍ ഷുക്കൂറില്‍നിന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചയെപ്പറ്റി ആദ്യ പ്രതികരണം ഉണ്ടായത്. ഷുക്കൂറിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇനിയും പരസ്യ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും'' സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

തിരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിക്കുവേണ്ടി അത്യദ്ധ്വാനം ചെയ്ത പ്രവര്‍ത്തകരെയും ജനങ്ങളെയും വേദനിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം പ്രസ്താവനകളെന്നും സുധീരന്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളോട് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കാര്യം തന്നെ പുറത്തുപറയരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 


എന്നാല്‍ ഇത് ചോര്‍ന്നു. ഇത്തരം നടപടികള്‍ അംഗീകരിക്കാവുന്നതല്ല. ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് 22 ന് ചേരുന്ന നിര്‍വാഹക സമിതി ചര്‍ച്ചചെയ്യും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടിവേദിയിലാണ് പറയേണ്ടതെന്നും സുധീരന്‍ പറഞ്ഞു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh